Ola S1 Pro Electric Scooter: ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലർ വിപണിയിലെ ഏറ്റവും വലിയ പ്ലെയറായ ഓല ഇലക്ട്രിക് പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ്. പൊങ്കൽ, സംക്രാന്തി പോലുള്ള ഫെസ്റ്റിവലിന് പ്രാധാന്യം നൽകിയാണ് ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ഓഫറുകളിൽ S1 പ്രോ, S1 എയർ എന്നിവ വാങ്ങുമ്പോൾ 6,999 രൂപ വരെ വിലമതിക്കുന്ന സൗജന്യ ബാറ്ററി വാറണ്ടി, 3,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, ഫിനാൻസ് ഡീലുകൾ എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്. മാത്രമല്ല S1 X പ്ലസ് ഇലകട്രിക് സ്‌കൂട്ടർ വാങ്ങുന്നവർക്ക് 20,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ തുടരുകയും ചെയ്യുന്നുണ്ടെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഈ ഓഫറുകൾ ജനുവരി 15 വരെ മാത്രമാവും ബാധകമാവുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ 5,000 രൂപ വരെ ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ സീറോ ഡൗൺ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീസ്, 7.99 ശതമാനം നിരക്കിൽ താഴെയുള്ള പലിശ നിരക്കുകൾ എന്നിവയും ജനുവരിയിൽ പ്രഖ്യാച്ചിരിക്കുന്ന ഓഫറിലൂടെ ഉപയോഗപ്പെടുത്താനാവും.
ഓലയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയാണ് S1 X ഇവി നിര. S1 X (2 kWh), S1 X (3 kWh), S1 X പ്ലസ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് മോഡൽ വിപണിയിൽ എത്തുന്നത്. ഓഫറില്ലാതെ 89,999 രൂപ മുതൽ 1,09,999 രൂപ വരെയാണ് ഇവയ്ക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം S1 എയർ, S1 പ്രോ ജെൻ2 എന്നിവയ്ക്ക് യഥാക്രമം 1.20 ലക്ഷം, 1.47 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
പെട്രോള്‍ സ്‌കൂട്ടറുകളുടെ സമാനമായ വിലയില്‍ ഇവികള്‍ ലഭ്യമാക്കിക്കൊണ്ട് ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കാനാണ് ഓല S1 X സീരിസിലൂടെ ഉന്നംവെക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ച പെര്‍ഫോമന്‍സും നൂതന സാങ്കേതിക സവിശേഷതകളും മികച്ച റൈഡ് നിലവാരവും വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.
ഓലയുടെ എൻട്രി ലെവൽ സീരീസുകളാണെങ്കിലും ഫീച്ചറുകളാൽ സമ്പന്നമാണിവ. 5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍,ഒടിഎ അപ്‌ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയാണ് S1 X പ്ലസ് എന്ന ടോപ്പ് എൻഡ് മോഡലിലെ ഹൈലൈറ്റുകൾ.
ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലർ വിപണിയുടെ ഏറ്റവും വലിയ പ്ലെയറായ ഓല ഇലക്ട്രിക്, 2023 ഡിസംബറിൽ നാല് ലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചു. 2021-ൽ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് വെറും രണ്ട് വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചത് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ ഒരു നാഴികക്കല്ലാണ്.
ഇലക്ട്രിക് ടൂവീലർ വിഭാഗത്തിലെ ഏറ്റവും പ്രബലമായ കമ്പനികളിലൊന്നായി മാറാനും ഇവർക്കായിട്ടുണ്ട്. കൂടാതെ 40 ശതമാനം വിപണി വിഹിതവും കൈവശമുണ്ട്.
വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.