Maruti E V : ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ മാരുതി സുസുക്കി ശ്രമങ്ങൾ തുടരുകയാണ്.
ഈ ലക്ഷ്യത്തോടെ, 2023 ടോക്കിയോ മോട്ടർഷോയിൽ പ്രദർശിപ്പിച്ച ഇഡബ്ല്യു എക്സി എന്ന ചെറിയ ഇലക്ട്രിക് കാറിന്റെ ഉൽപ്പാദന മോഡൽ 2026-27 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കും. ടിയാഗോ ഇവിയുമായി മത്സരിക്കാനാണ് ഈ ഹാച്ച്ബാക്ക്.
ഈ ഹാച്ച്ബാക്കിന് കുറഞ്ഞ വിലയും കൂടുതൽ റേഞ്ചും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ കെ-ഇവി ആർക്കിടെക്ചറിലാണ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഇലക്ട്രിക് കാർ പദ്ധതിക്കായി സുസുക്കി 10,000 കോടി രൂപ നിക്ഷേപിക്കും.
ചെറിയ ഹാച്ച്ബാക്കിന് പുറമേ, ടൊയോട്ടയുടെ 40PL ഗ്ലോബൽ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ഇലക്ട്രിക് എസ്‌യുവിയും മാരുതി പുറത്തിറക്കും. ക്രേറ്റയുടെ ഇലക്ട്രിക് മോഡലുമായി മത്സരിക്കാനാണ് ഈ എസ്‌യുവി.
ഐസിഇ പ്ലാറ്റ്ഫോമിൽ മാറ്റങ്ങൾ വരുത്തി ഇലക്ട്രിക് വാഹനം നിർമ്മിക്കുന്ന ശൈലി മാറ്റി, വൈദ്യുത കാറിനായി പുതിയ പ്ലാറ്റ്ഫോം എന്ന ആശയമാണ് മാരുതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
വൈദ്യുത കാറിന്റെ വില കുറയ്ക്കാൻ ബാറ്ററിയും മറ്റ് ഘടകങ്ങളും പ്രാദേശികമായി നിർമ്മിക്കാൻ ശ്രമിക്കും. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പുറത്തിറക്കും. ബി വൈ ഡി യുടെ ബ്ലേഡ് ടെക്നോളജിയിൽ ഉള്ള ബാറ്ററിയാണ് ഇതിന് ഉപയോഗിക്കുന്നത്.
2031 സാമ്പത്തിക വർഷത്തോടെ, വർഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ വിൽക്കുക എന്നതാണ് മാരുതിയുടെ ലക്ഷ്യം. ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ, എംപിവികൾ തുടങ്ങി നിരവധി വാഹനങ്ങൾ 2025 മുതൽ 2030 വരെ പുറത്തിറക്കാൻ സുസുക്കിയുടെ പദ്ധതിയാണ്. ഇലക്ട്രിക് കാറും (EV ) ഇന്റേണൽ കംബസ്റ്റൻ (IC) എഞ്ചിൻ കാറും തമ്മിലുള്ള വിലയുടെ അന്തരം കുറയ്ക്കാനും മാരുതി ശ്രമിക്കും.
വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.