Lotus eletre: വണ്ടി ഭ്രാന്തൻമാർ എന്നുകേൾക്കുമ്പോഴേ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് പുരുഷൻമാരുടെ രൂപമായിരിക്കും അല്ലേ. പക്ഷേ ആണുങ്ങളേക്കാൾ കൂടുതൽ വണ്ടിയോട് ഭ്രമമുള്ള സ്ത്രീകളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതാണ് യാഥാർഥ്യം. ബുള്ളറ്റും ഥാറുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ലേഡീസിനെ നിരത്തുകളിൽ കാണാനാവും. അടുത്തിടെ കീർത്തി സുരേഷ് തന്റെ എസ്‌യുവിയിൽ ഡ്രിഫ്റ്റടിക്കുന്ന വീഡിയോയെല്ലാം സോഷ്യൽ മീഡിയയിൽ വളരെ തരംഗമായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹന നിർമാതാക്കളിലൊന്നായ ലോട്ടസിന്റെ പുതിയ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ വിപണിയിലെത്തിയിരിക്കുകയാണ്. ലോട്ടസ് എലെട്രെ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ മോഡൽ സ്വന്തമാക്കിയിരിക്കുന്നത് ഹൈദരാബാദിലെ ഒരു സ്ത്രീയാണ്.
കഴിഞ്ഞ നവംബർ മാസത്തിലാണ് ലോട്ടസ് എലെട്രെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആദ്യ മോഡലിന്റെ വിതരണവും ആരംഭിച്ചിരിക്കുകയാണ്. ആദ്യ മോഡൽ ഹൈദരാബാദിലെ ഒരു സ്ത്രീയ്ക്കാണ് കൈമാറിയത്. വാഹനത്തിന്റെ വില 2.55 കോടി രൂപയാണ്. പുതിയ വാഹനം സ്വന്തമാക്കിയ സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ആദ്യ മോഡൽ ഒരു വനിതയ്ക്ക് കൈമാറാൻ എടുത്ത കമ്പനിയുടെ തീരുമാനവും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. 2.55 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ലോട്ടസ് എലെട്രെ ഇലക്‌ട്രിക് എസ്‌യുവി സ്വന്തമാക്കിയ സ്ത്രീ ആരാണെന്ന കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. എങ്കിലും ഉടമയെ പരാമർശിച്ച് കാർ കാർസി ഇന്ത്യ എന്ന പേജ് ഇൻസ്റ്റാഗ്രാമിൽ വാഹനത്തിന്റെ ഡെലിവറി ഏറ്റെടുക്കുന്ന ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. 2.55 കോടി രൂപയുടെ എക്സ്ഷോറൂം വിലയാണ് ഉള്ളതെങ്കിലും ഓൺ-റോഡിലെത്തുമ്പോൾ വണ്ടിയുടെ വില തന്നെ മാറും. മൂന്ന് വേരിയന്റുകളിലെത്തുന്ന ആഡംബര ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 3.14 കോടി രൂപയോളമാണ് ഹൈദരാബാദിലെ ഓൺ-റോഡ് വില വരുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ വാഹനം മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്തു. എലെട്രെ സ്റ്റാൻഡേർഡ്, എലെട്രെ S, എലെട്രെ R എന്നിവയാണ് ഇലക്ട്രിക് വാഹനത്തിന്റെ വ്യത്യസ്‌ത വകഭേദങ്ങൾ. എക്സ്റ്റീരിയറിനെയും ഡിസൈൻ പാറ്റേണിനെയും കുറിച്ച് സംസാരിക്കുമ്പോൾ ഫ്രണ്ട് പ്രൊഫൈൽ, ഡിസൈൻ, ഹെഡ്‌ലൈറ്റ് സജ്ജീകരണം എന്നിവ ഫെറാറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പലർക്കും തോന്നിയേക്കാം. മുൻവശത്ത് ലോട്ടോസ് ലോഗോ ഫീച്ചർ ചെയ്യുന്ന വലിപ്പമുള്ള ബോണറ്റിനൊപ്പമാണ് ഇവി വരുന്നത്. കൂടാതെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിക്ക് ആരോ ആകൃതിയിലുള്ള ഡേ റണ്ണിംഗ് ലൈറ്റുകളും (DRL) ലഭിക്കുന്നുണ്ട്. ആകർഷകമായ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, ലോ പ്രൊഫൈലിൽ സ്‌കിഡ് പ്ലേറ്റ്, മുൻവശത്ത് സജീവമായ ഗ്രില്ലും വലിയ എയർ ഡാമുകളും എലെട്രെയെ വേറിട്ടു നിർത്തുന്ന കാര്യങ്ങളാണ്.
സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ വാഹനം എല്ലാ കോണുകളിൽ നിന്നും ആഡംബരമായി തന്നെയാണ് പണിതെടുത്തിരിക്കുന്നത്. 22 ഇഞ്ച് 10-സ്‌പോക്ക് അലോയ് വീലുകളാൽ പൂരകമാകുന്ന കനത്ത ക്ലാഡിംഗ് എലെട്രെയ്ക്ക് പരുക്കൻ രൂപം സമ്മാനിക്കുന്നുമുണ്ട്. പിൻഭാഗത്തെ രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം സൂപ്പർകാർ പോലെയുള്ള സ്‌പോയിലറും പ്രവർത്തനക്ഷമമായ എയർ ഡാമുകളുമുള്ള പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് ഇവിയിൽ ഒരുക്കിയിട്ടുള്ളത്. സിഗ്നേച്ചർ സ്റ്റൈൽ പിന്തുടർന്ന് നൽകിയിരിക്കുന്ന കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും അതിമനോഹരമാണ്. ആഡംബര വാഹനമായതിനാൽ തന്നെ ഇ-എസ്‌യുവി ടൺ കണക്കിന് നൂതന ഫീച്ചറുകളാൽ സമ്പന്നമാണെന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ. ഫീച്ചർ-ലോഡഡ് ഫ്യൂച്ചറിസ്റ്റിക് ലുക്കിംഗ് ഇന്റീരിയറിലേക്ക് കയറിയാൽ പലരുടേയും കണ്ണുതള്ളിയേക്കാം. ലോട്ടസ് ഹൈപ്പർ ഒഎസോടു കൂടിയ ഫോൾഡബിൾ 15.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, വയർലെസ് ചാർജർ, ADAS, എയർ പ്യൂരിഫയർ, എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, 15-സ്പീക്കർ KEF സോഴ്‌സ് സൗണ്ട് സിസ്റ്റം എന്നിവയ്‌ക്കൊപ്പമാണ് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. നാല്, അഞ്ച് സീറ്റർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാവും. റീസൈക്കിൾ ചെയ്ത നിരവധി വസ്തുക്കൾ അതിന്റെ ഇന്റീരിയറിനായി ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 112kWh ബാറ്ററി പായ്ക്കാണ് എസ്‌യുവിയുടെ ഹൃദയം.
ഫുൾ ചാർജിൽ 600 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന രണ്ട് മോട്ടോർ സജ്ജീകരണമാണ് എലെട്രെയ്ക്ക് തുടിപ്പേകുന്നത്. ഇത് 600 bhp കരുത്തിൽ പരമാവധി 710 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം കൂടുതൽ പെർഫോമൻസ് ഓറിയന്റഡായ R വേരിയന്റിൽ ഡ്യുവൽ-മോട്ടോർ സെറ്റപ്പും രണ്ട് സ്പീഡ് ട്രാൻസ്മിഷനും ഉൾക്കൊള്ളുന്നു. ഇത് 490 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് 900 bhp പവറിൽ 985 Nm torque നൽകും.
വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.