Unniyappam Recipe in Malayalam (ഉണ്ണിയപ്പം)

ഉണ്ണിയപ്പം

നല്ല സ്വാദുള്ള ഉണ്ണിയപ്പം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ആറു ദിവസം വരെ കേട് കൂടാതെ ഇരിക്കും.

ചേരുവകൾ

പച്ചരി – 1/2 കിലോ
ശർക്കര – 1/2 കിലോ
തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് (ചതുരത്തിൽ) – 1 കപ്പ്
പാളയങ്കോടൻ പഴം – 5 എണ്ണം
ഏലയ്ക്ക പൊടിച്ചത് – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ / നെയ്യ് – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

 

പച്ചരി രണ്ട് മണിക്കൂർ കുതിർത്ത് വെച്ചതിന് ശേഷം നല്ല മയത്തിൽ കുറുക്കു പരുവത്തിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

ശർക്കര ചെറിയ കഷണങ്ങൾ ആക്കി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഇടുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക. ശർക്കര ഉരുക്കുന്നത് (ഒരു നൂൽ പരുവം ആണ് ശരിയായ പാകം)

ശേഷം ഉരുകിയ ശർക്കര അടച്ച് വെച്ചിരിക്കുന്ന മാവിലേക്ക് അരിപ്പ വെച്ച് അരിച്ചൊഴിക്കുക. തുടർച്ചയായി ഇളക്കണം. ശർക്കര പാവും മാവുമായി നല്ല പോലെ യോജിപ്പിക്കണം. പാളയങ്കോടൻ പഴം വെള്ളം ഒഴിക്കാതെ അരച്ചെടുത്ത് മാവിൽ ചേർത്ത് നല്ലപോലെ ഇളക്കുക.

തേങ്ങ കൊത്ത് നെയ്യിൽ വറുത്ത് എടുക്കുക (ബ്രൗൺ നിറം ആകുന്നതാണ് പാകം). അതും മാവിലേക്ക് ചേർക്കുക. ശേഷം ഏലയ്ക്കയും ഉപ്പും ചേർത്ത് ഇളക്കി അടച്ച് വെക്കുക.

രണ്ടര മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം. ഉണ്ണിയപ്പ കല്ല് അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.

എണ്ണ ചൂടായി കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിക്കുക. വെന്ത് കഴിയുമ്പോള്‍ ഒരു സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക.
വെന്ത് കഴിയുമ്പോള്‍ ഉണ്ണിയപ്പം കോരിയെടുക്കാം. മുഴുവൻ മാവും ഇതുപോലെ ഉണ്ടാക്കി എടുക്കുക.

കുറിപ്പ്:

– അരിക്ക് പകരം റവ ഉപയോഗിക്കാവുന്നതാണ് (2 ദിവസം കേടുകൂടാതെ ഇരിക്കുന്നതാണ്)

– കുറച്ചുകൂടെ സോഫ്റ്റ് ആകാൻ മാവിൽ സോഡാ പൊടി ചേർക്കാവുന്നതാണ്

– ഉണ്ണിയപ്പം വെറുക്കുന്ന വെളിച്ചെണ്ണയിൽ ഒരു സ്പൂൺ നെയ്യ് ചേർക്കുന്നത് രുചി കൂട്ടാൻ നല്ലതാണ്.

– ഉണ്ണിയപ്പത്തിന്റെ വേവ് നോക്കാൻ ഈർക്കിലോ മറ്റോ ചെറിയ കമ്പോ വച്ച് കുത്തി നോക്കാവുന്നതാണ്.

Exit mobile version