എവറസ്റ്റിന്റെ നാട്ടിലേക്ക്

Everest village

ഏറ്റവും  കുറഞ്ഞചിലവിൽ ഒരു വിദേശയാത്ര. അതിനു ഞങ്ങൾ കണ്ടെത്തിയ ഉത്തരമായിരുന്നു നേപ്പാൾ. ചെറുപ്പംതൊട്ടേ മനസ്സിൽകൊണ്ടുനടക്കുന്ന രാജ്യമാണ് നേപ്പാൾ. അങ്ങോട്ടുപോവാൻ പാസ്സ്പോർട്ടിന്റെആവിശ്യമില്ലെന്നത് യാത്ര കൂടുതൽ എളുപ്പമുള്ളതാക്കി.

കോളേജിൽ കുറച്ചുദിവസത്തെ അവധികിട്ടിയപ്പോൾ ഞാനടങ്ങുന്ന നാൽവർസംഘം  അലിഗഡിൽനിന്നും ഗോരക്പുരിലേക്ക്  ട്രെയിൻ കയറി നേപ്പാൾ യാത്രക്ക് പച്ചകൊടിവീശി. ഉത്തരേന്ത്യൻ ജനറൽ യാത്രകൾ അനുഭവിച്ചുതന്നെ അറിയണം.

യാത്രക്കാരേക്കാൾ കൂടുതൽ ചാക്കുകണക്കിന്നു സാധനങ്ങളുമായാണ് ഓരോരുത്തരും കയറുന്നത്. ഒന്നു കാൽവെക്കാൻ പോലും സ്ഥലം കിട്ടാതെ ഞങ്ങൾ കുറെ കഷ്ട്ടപെട്ടു. ഗോരക്പൂരിലേക്ക് 12 മണിക്കൂർ യാത്രയുണ്ട്.

നിന്നു നിന്ന് കാൽ കടഞ്ഞു തുടങ്ങി. നേരം വെളുക്കുന്നതുവരെ പിടിച്ചു നിൽക്കാൻ വയ്യ. അടുത്ത സ്റ്റേഷനിലിറങ്ങി സ്ലീപ്പറിൽ കയറാൻ തന്നെ തീരുമാനിച്ചു. അവിടെ എത്തിനോക്കുമ്പോൾ ഞങ്ങളെപ്പോലെ ധാരാളം അനധികൃത കുടിയേറ്റക്കാർ.

അവർക്കിടയിൽ ഇരിക്കാൻ സ്ഥലം കണ്ടെത്താൻ നന്നേ പാടുപെടേണ്ടി വന്നു. അവസാനം മിഡിൽ ബെർത്തിൽ ഒരു സ്ത്രീക്കൊപ്പം മെല്ലെകേറിയിരുന്നു. ഇരുത്തം ഉറക്കത്തിലേക്കും പിന്നെ കിടത്തിലേക്കും വഴിമാറി.

അടുത്തു കിടന്നതിന് അവരുടെ അടുത്തുനിന്നും നല്ല ചീത്ത വിളികൾ കേൾക്കാം. പിന്നെ നമുക്കറിയാത്ത ഭാഷ ആയതുകൊണ്ടുതന്നു ഒന്നും കേൾക്കാത്ത പോലെ കിടന്നു. രാവിലെ ഏതാണ്ട് പത്തുമണിയോടെ ഗോരക്പൂരിലെത്തിയപ്പോൾ കുറച്ചു സമാധാനം തോന്നി.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്ഫോം ഇവിടുത്തെതാണ്. ചായയിലും ബിസ്ക്കറ്റിലും വിശപ്പൊതുക്കി സുനൗലിയിലേക്ക് ബസ് കയറി. ഇന്ത്യനേപ്പാൾ അതിർത്തിയാണത്.

മൂന്നുമണിക്കൂറിനു ശേഷമവിടെ എത്തിയപ്പോൾ ആദ്യമായി രാജ്യതിർത്തി നടക്കുന്നതിന്റെ എല്ലാ കൗതുകവും സന്തോഷവും ഉണ്ടായിരുന്നു. തിരിച്ചറിയൽ രേഖകൾ ഒക്കെ ഉണ്ടെന്നുറപ്പുവരുത്തി.

ഇന്ത്യൻ ഗേറ്റ് കടന്ന് മറ്റൊരു ഗേറ്റ് നേപ്പാളിന്റെ മണ്ണിലേക്ക് സ്വാഗതമരുളി നിൽക്കുന്നു. പ്രതീക്ഷിച്ചപോലെ ആരും ഞങ്ങളുടെ രേഖകൾ പരിശോധിച്ചില്ല . അതിലെനിക്ക് നേരിയ നിരാശ തോന്നി.

അടുത്തുള്ള മണിഎക്സ്ചേഞ്ചിൽ നിന്ന് കുറച്ച് നേപ്പാളി റുപ്പീസ് വാങ്ങി. നേപ്പാളിൽ ഇന്ത്യൻ രൂപക്ക് മൂല്യം കൂടുതലാണ്. 1 രൂപക്ക് 1.60 നേപ്പാളി റുപ്പീസ് കിട്ടും. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കായിരുന്നു ഞങ്ങളുടെ ആദ്യയാത്ര.


സൊനൗലിയിൽ നിന്നും ഒരാൾക്ക് മുന്നൂറുരൂപനിരക്കിൽ കാഠ്മണ്ഡുവിലേക്ക് ബസ് കിട്ടി. വീണ്ടും യാത്ര. കൂട്ടുകാരോട് കഥകൾ പറഞ്ഞും തല്ലുകൂടിയും യാത്ര തുടർന്നു. പുലർച്ചെ കാഠ്മണ്ഡുവിൽ എത്തുമ്പോൾ നല്ല തണുപ്പായിരുന്നു. ജാക്കറ്റ് ഒക്കെ എടുത്തിട്ട് ഞങ്ങൾ തണുപ്പിനെ എതിരേറ്റു. മോമോസും ചൗമിനും ആണ് നേപ്പാളിലെ മുഖ്യ ഭക്ഷണങ്ങളിലൊന്ന്. പിന്നീടങ്ങോട്ട് രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം ഇവർ തന്നെയായിരുന്നു.

സ്വയംഭുനാഥ് ടെംപിളിലാണ് ആദ്യം പോയത്. യോദ്ധ സിനിമയുടെ ഷൂട്ടിങ് നടന്ന സ്ഥലം. മോഹൻലാലും റിമ്പോച്ചെയുമൊക്കെ പെട്ടെന്ന് മനസ്സിൽ ഓടിയെത്തി. കുറെ സ്തൂപങ്ങളും അമ്പലങ്ങളുമുള്ള സ്വയംഭുനാഥ് നേപ്പാളിലെ പ്രധാന ബുദ്ധിസ്റ്റ് കേന്ദ്രമാണ്.

കാഴ്ച്ചകൾ കണ്ട് മെല്ലെ കുന്നിറങ്ങി. യാത്ര സുഗമമാക്കാൻ മുകളിൽ വരെ പടവുകൾ ഉണ്ടാക്കിയിട്ടുണ്ട്. നേപ്പാളിൽ എത്തിയ ശേഷം പുതിയ സിം എടുത്ത് നാട്ടിലേക്ക് വിളിക്കാനുള്ള പ്ലാൻ പാളിപ്പോയി. സിം എടുക്കാൻ പാസ്പോർട്ട്നിർബന്ധമായിരുന്നു. ഞങ്ങളുടെ ആരുടെ കയ്യിലും പാസ്പോർട്ട്ഇല്ലാത്തതു കൊണ്ടു വൈഫൈ തന്നെ ശരണം. ഹോട്ടലുകളിലും മറ്റും ഫ്രീ വൈഫൈ എന്നെഴുതി വെച്ചിട്ടുണ്ട്.

രത് പാർക്കിൽ പോവുന്ന വഴി സുലോചന മഗർ എന്ന നേപ്പാളി പെൺകുട്ടിയെ പരിചയപെട്ടു. വെളുത്ത്, ഉയരം കുറഞ്ഞ ഒരു സുന്ദരി. കാഠ്മണ്ഡുവിൽ പ്രധാനമായും ക്ഷേത്രങ്ങളുടെ നാടാണെന്ന് അവൾ പറഞ്ഞു. ഇന്ത്യയിലേതുപോലെ നേപ്പാളികൾ ഇന്റർനെറ്റ്ന് അടിമകൾ അല്ല.

ഇവിടെ ജിയോ വിപ്ലവം വന്നതോടുകൂടിയാണല്ലോ ഇന്റർനെറ്റ്ന്റെ ഉപയോഗം വർധിച്ചത്. ബസിൽ നിന്നും അടുത്തിരിക്കുന്ന ആളോട് ഫോണിൽ നെറ്റ് ഉണ്ടെന്ന് ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു മറുപടി. നമ്മളെപ്പോലെ ഏതുനേരവും ഫോണിൽ കുത്തിയിരിക്കുന്നവരെ നേപ്പാളിൽ വളരെ വിരളമായേ കാണുള്ളൂ. രത് പാർക്കിലെ ഫ്രീ വൈഫൈ വെച്ചു വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

ചന്ദ്രഗിരി ഹിൽസ് ആയിരുന്നു അടുത്ത ലക്ഷ്യം. നേപ്പാളിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ മോമോസ് കഴിച്ചത് ഇവിടെവെച്ചായിരുന്നു. സൂപ്പിന്റെ കൂടെയാണ് മോമോസ് തരുന്നത്. ചന്ദ്രഗിരിഹില്ലിന്റെ മുകളിൽ നിന്നു നോക്കിയാൽ കാഠ്മണ്ഡു താഴ്വരയും അന്നപൂർണമലനിരകളും കാണാം.

കേബിൾ കാർ സൗകര്യങ്ങളും ലഭ്യമാണ്.ദർബാർ സ്ക്വാർ കണ്ട്, നേപ്പാളി സ്പെഷ്യൽ ലസ്സി കുടിച്ച് ഞങ്ങൾ പൊഖാറയിലേക്ക് ബസ് കയറി. യാത്രാക്ഷീണവും കുളിക്കാത്തതിന്റെ അസ്വസ്ഥതയും എല്ലാരിലുമുണ്ട്.

പൊഖാറയിലെത്തി കുറഞ്ഞ ചെലവിൽ റൂം എടുത്തു. ക്ഷീണമൊക്കെ മാറ്റി പിറ്റേ ദിവസം യാത്ര തുടർന്നു. പൊഖാറ ഒരു മെട്രോപൊളിറ്റൻ നഗരമാണ്. ഒപ്പം തടാകങ്ങളും മലനിരകളും ചേർന്ന സുന്ദര സ്ഥലം. ഫേവ തടാകമായിരുന്നു ആദ്യം കണ്ടത്. വിശാലമായി കിടക്കുന്ന നല്ല നീല  തടാകം. തടാകത്തിലെ ദ്വീപിൽ ഒരു ചെറിയ അമ്പലവും ഉണ്ട് .

തെളിഞ്ഞ ആകാശമായതുകൊണ്ടു അന്നപൂർണ മലനിരകളെ നല്ലോണം കാണാൻ കഴിഞ്ഞു. അതിൽ ഒന്ന് തലയെടുപ്പോടെ ആകാശത്തെതൊട്ടുനിൽക്കുന്നു. ഞങ്ങൾ ഉറപ്പിച്ചു.. അത് എവറസ്റ്റ് തന്നെ. ലോകത്തെ ഏറ്റവും വലിയ കൊടുമുടി കണ്ട സന്തോഷത്തിൽ ഞങ്ങൾ തുള്ളിച്ചാടി. സ്വപ്നസാക്ഷാത്കാരത്തിന്റെ നിർവൃതിയിലായിരുന്നു എല്ലാവരും.

പിന്നീട് ഒരു സ്വദേശി പറഞ്ഞാണ് അറിയുന്നത്.., അത് എവറസ്റ്റ്അല്ല, ഫിഷ് ടൈൽ എന്നറിയപെടുന്ന കൊടുമുടിയാണത്. എന്നാലും സാരമില്ല.., ബാക്കി ഫ്രണ്ട്സ്നോട്എല്ലാരോടും എവറസ്റ്റ് കണ്ടെന്നു പറഞ്ഞു തൃപ്തി അടയാം എന്നു മനസ്സിൽ കരുതി.

മഹേന്ദ്ര കേവ് ഇരുൾ മൂടിയ ലോകത്തെ സ്വാഗതം ചെയ്യുന്നു. ഗുഹയുടെ പല ഭാഗവും ഈർപ്പം നിറഞ്ഞതായതു കൊണ്ട് വീഴാനുള്ള സാധ്യത കൂടുതലാണ്. വലിയ വിശാലമായ ഗുഹക്കുള്ളിൽ ടൂറിസ്റ്റുകളുടെ നല്ല തിരക്കുണ്ടായിരുന്നു.

അതിനു ശേഷം അതിനടുത്തുള്ള കുന്നു കയറി. ചുറ്റും പച്ചപ്പും കുന്നുകളും നിറഞ്ഞ സ്ഥലം. താഴെ അരുവിയും ഗ്രാമവുമൊക്കെ കാണാം. കുന്നിറങ്ങി നേരെ ഗ്രാമത്തിലേക്ക് നടന്നു. ഏതൊരു സ്ഥലത്തിന്റെയും യഥാർത്ഥ ഭംഗിയും വിശുദ്ധിയും അറിയണമെങ്കിൽ ഗ്രാമത്തിലേക്ക് പോവണം.. അവിടുത്തെ ജീവിതങ്ങളെ നേരിട്ട് കാണണം. അത്തരത്തിലുള്ളതായിരുന്നു ഗ്രാമം.

അവിടുത്തെ അരുവിയിലെ കുളിർ വെള്ളത്തിൽ കളിച്ചും, തൂക്കുപാലത്തിലൂടെ നടന്നും കുറെ നടന്നും ഗ്രാമത്തിന്റെ ഭംഗി അറിഞ്ഞുഅവിടുത്തെ വീട്ടിലുണ്ടാക്കിയ മോമോസും ചൗമിനും കഴിച്ചുറൂമിലേക്ക് . രാത്രി പൊഖാറ നഗരത്തിലൂടെ നടക്കുമ്പോൾ ഞങ്ങൾ നാലുപെർ ഏതോ യൂറോപ്പ്യൻ രാജ്യത്ത് എത്തിച്ചേർന്നപോലെ. എല്ലാരും വിദേശികൾ.. ഞങ്ങളും നേപ്പാളിൽ വിദേശികളാണെന്നുള്ള കാര്യം പലപ്പോഴും മറന്നുകൊണ്ടിരുന്നു . പക്ഷെ ടിക്കറ്റ് നിരക്കുകൾ ഞങ്ങളെ അത് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

നേപ്പാളിൽ  ഞങ്ങൾ വിദേശികളായതുകൊണ്ടുതന്നെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക്  ടിക്കറ്റിനു നല്ല നിരക്കായിരുന്നു. മൊബൈലിൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ എങ്ങോട്ടാണ് പോവേണ്ടത് എന്ന ഐഡിയയും ഇല്ല. അതുകൊണ്ട് ബാക്കി ടൂറിസ്റ്റുകളെ ഫോള്ളോ ചെയ്തും സ്വദേശികളോട് ചോദിച്ചുമായിരുന്നു യാത്ര.. അങ്ങനെയാണ് സ്ഥലത്ത് എത്തിയതും. കയ്യിൽ പൈസ കുറവായതുകൊണ്ട് ധാർമികബോധത്തോടു തത്കാലം ബൈ പറഞ്ഞ് എക്സിറ്റിലൂടെ ആയിരുന്നു ഞങ്ങൾ അകത്തു കടന്നത്.

ഒരു വലിയ തുരംഗമായിരുന്നു അത്. പാറയിടുക്കിലൂടെ കുറെ നേരം നടന്നിട്ടും എന്താണ് കാണാൻ പോവുന്നതെന്ന് ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഭൂമിക്കടിയിലെ നിഗൂഡമായ ഒരു സ്ഥലം, പാറയിൽ നിന്ന് വെള്ളം ഇറ്റിവീഴുന്നുണ്ട്. പല സ്ഥലത്തും കല്ലുകളെ ആരാധിക്കുന്നതും കണ്ടു.. പലരും യാത്ര പകുതി ഉപേക്ഷിച്ചു മടങ്ങി പോയി.. എന്തായാലും അവസാനം വരെ പോവാമെന്നുറച്ചു ഞങ്ങൾ നടന്നു..

ഇരുട്ട് കൂടി വരികയും വഴി മുഴുവൻ നനഞ്ഞു ചെളിയിൽ മൂടിയതുമായിഇപ്പോൾ വെള്ളത്തിന്റെ ശബ്ദം നന്നായി കേൾക്കാം.. ആവേശത്തോടെ ഞങ്ങൾ നടന്നു. അപ്പോഴാണ് കുറെ പടവുകൾ ശ്രദ്ധയിൽ പെട്ടത്.. അതിറങ്ങി  താഴെയെത്തിയപ്പോൾ  കണ്ട കാഴ്ച്ച നേപ്പാളിൽ വെച്ചു കണ്ട കാഴ്ചകളിൽ ഏറ്റവും മനോഹരമായിരുന്നു .

അതൊരു വെള്ളച്ചാട്ടമായിരുന്നു.. ഇരുട്ടിൽ രണ്ട് പാറയിടുക്കുകൾകിടയിലൂടെ  ഒരു പാൽ കടൽ ഒഴുകി വരുന്നത് പോലെ.. ഇരുട്ടിൽ വെള്ളച്ചാട്ടത്തിനു കൂടുതൽ ഭംഗി തോന്നി . വെള്ളം ചെറിയൊരു അരുവിയിലാണ് പതിക്കുന്നത്. അതിന്റ നടുവിൽ ഒരു പാറയിൽ ഇരുന്ന്.. വിളക്ക് ഒക്കെ കത്തിച്ചു ഒരാൾ എന്തൊക്കെയോ കർമങ്ങൾ ചെയ്യുന്നുണ്ട്, തന്റെ കർമത്തിൽ മാത്രം ശ്രദ്ധ ചെലുത്തി പൂക്കൾ വെള്ളത്തിലെക്ക് അർപ്പിക്കുന്നുമുണ്ട്..  ഏതോ ഒരു മായാ ലോകത്ത് ചെന്നെത്തിയ അനുഭൂതി ആയിരുന്നു ഞങ്ങൾക്ക്.

നേപ്പാളിലെ വേൾഡ് പീസ് പഗോഡ ആയിരുന്നു അടുത്തതായി പോയത്. ഒരു കുന്നിന്റെ മുകളിലാണത് സ്ഥിതി ചെയ്യുന്നത്. നടന്നിട്ടും നടന്നിട്ടും കാലു കടഞ്ഞിട്ടും പഗോഡ കാണാനില്ല  എന്നാലും നടത്തം നിർത്താൻ ഞങ്ങൾ തയ്യാറായില്ല. നടക്കും തോറും പഗോഡ അകന്നകന്നു പോവുന്നത് പോലെ. കുന്നിൻ മുകളിലെത്തിയപ്പോൾ മറ്റൊരു കുന്നിലാണ് പഗോഡ എന്ന ബുദ്ധിസ്റ് സ്തൂപം ഉള്ളത്. പിന്നെ അങ്ങോട്ടായി നടത്തം. നടത്തിനൊടുവിൽ അവിടെ എത്തി. നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നത് ബോധ്യപെടുത്തുന്നതായിരുന്നു അത്. അവുടുന്നുള്ള കാഴ്ച മനോഹരമാണ്

നേപ്പാളിൽ ഞങ്ങൾ അവസാനമായി പോയത് ഇന്റർനാഷണൽ മൗണ്ടൈൻ മ്യൂസിയത്തിലേക്കായിരുന്നു. പര്വതാരോഹണവും., മുൻപ് പർവതങ്ങൾ കീഴടക്കിയ ആളുകൾ, അവരുപയോഗിച്ച വസ്ത്രങ്ങൾ, ലോകത്തെ പർവ്വതങ്ങളെ വിളിച്ചുള്ള വിവരങ്ങൾ എല്ലാമുണ്ടെങ്കിലും 1000 രൂപയുടെ ടിക്കറ്റ് കുറച്ചു കൂടുതലായി തോന്നി

നേപ്പാളിന്റെ വർണ്ണ വിസ്മയങ്ങളും കൗതുക കാഴ്ചകളും എല്ലാം എന്നെന്നേക്കുമായി മനസിൽ സൂക്ഷിച്ചുവെച്ച് മടക്ക യാത്ര ആരംഭിച്ചു. തിരിച്ച് സൊനൗലി ബോർഡറിലെത്തുമ്പോൾ പാതിരാത്രിയായിരുന്നു. നേപ്പാളിലെ ഉദ്യോഗസ്ഥർ ആരും ഞങ്ങളെ ശ്രദ്ധിച്ചതുപോലുമില്ല. എന്നാൽ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയപ്പോൾ അവിടെ ഉള്ളവർ ഞങ്ങളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങൾ 2 പെൺകുട്ടികളും 2 ആൺകുട്ടികളും ആയതു കൊണ്ട് ഞങ്ങൾ തമ്മിലുള്ള ബന്ധം കണ്ടത്തുന്നതിലായിരുന്നു അവർക്കു താല്പര്യം . ഒരു അതിർത്തിക്കപ്പുറത്ത് വ്യത്യസ്ത സംസ്കാരവും, കാലാവസ്ഥയും, സ്വഭാവ സവിശേഷതകളും എല്ലാം കൗതുകമുണർത്തുന്നതാണ്

ഒരുപാട് അനുഭവങ്ങളും ഓർമകളുമായി അലിഗഡിന്റെ മണ്ണിലേക്ക് യാത്ര തിരിച്ചു.., ഞങ്ങളുടെ കഥ കേൾക്കാൻ പ്രിയപ്പെട്ടവർ കാത്തിരിക്കുന്നുണ്ട്.., അവരുടെ അടുത്തേക്ക്..

Exit mobile version