പറ പറക്കും ഇ-സ്കൂട്ടർ  വിപണിയിൽ : ഇനി പെർഫോമൻസ് ബൈക്ക് തേടി പോകണ്ട

Ather 450 Apex malayalam

 

Ather 450 Apex : ഇലക്ട്രിക് വാഹന കമ്പനിയായ ഏഥര്‍ എനര്‍ജി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഏഥര്‍ 450 അപെക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മാർക്കറ്റിൽ അവതരിപ്പിച്ചു . പേര് സൂചിപ്പിക്കുന്നതുപോലെ ഏഥറില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

ഏഥറിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ എക്‌സ്‌ഷോറൂം വില 1,89,000 രൂപയാണ്. ഇതുവരെയുള്ളതിൽവച്ച്  ഏറ്റവും വിലയേറിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറാണിത്.  

450 അപെക്‌സ് ഏഥര്‍ ഇലക്ട്രിക് വാഹന നിരയിലെ ഫ്‌ലാഗ്‌ഷിപ്പ് മോഡലാണ്. പെര്‍ഫോമന്‍സിന്റെ പരകോടിയെന്നാണ് കമ്പനി ഈ സ്‌കൂട്ടറിനെ വിശേഷിപ്പിക്കുന്നത്. ആകര്‍ഷകമായ പുതിയ കളര്‍ സ്‌കീം, പുതിയ ഫീച്ചര്‍കള്‍, മികച്ച റൈഡിംഗ് അനുഭവം എന്നിവയാണ് പ്രധാന സവിശേഷതകള്‍.  

ഡിസൈനിന്‍റെ അടിസ്ഥാനത്തില്‍ 450X, 450S മോഡലുകളെ ഓര്‍മിപ്പിക്കുന്ന രൂപമാണ് അപെക്‌സിനും. എന്നാല്‍, പ്രകടനത്തില്‍ വ്യത്യാസമുണ്ടാകും. പുതിയ ഇന്‍ഡിയം ബ്ലൂ നിറം, ട്രാന്‍സ്പരന്റ് ബോഡി പാനലുകള്‍ തുടങ്ങിയവയാണ് പ്രധാന ഭൗതിക മാറ്റങ്ങള്‍.

3.7 kWh ബാറ്ററിയാണ് 450 അപെക്‌സിനും പവര്‍ നല്‍കുന്നത്. എന്നാല്‍, പുതിയ റിജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം മൂലം ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിളിലെ റേഞ്ച് 157 കിലോമീറ്ററായി വര്‍ധിച്ചുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 

ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ആദ്യമായി അവതരിപ്പിക്കുന്ന പുതിയ ‘മാജിക് ട്വിസ്റ്റ്’ ഫീച്ചറാണ് 450 അപെക്‌സിന്റെ പ്രധാന ആകര്‍ഷണം. ബ്രേക്ക് പ്രയോഗിക്കാതെതന്നെ ആക്‌സിലറേറ്റര്‍ ഹാന്‍ഡില്‍ 15 ഡിഗ്രി പിന്നിലേക്ക് ട്വിസ്റ്റ് ചെയ്ത് വേഗം കുറയ്ക്കാനാകും.

7 kW പീക്ക് പവര്‍ നല്‍കുന്ന മോട്ടോര്‍ ആണ് 450 അപെക്‌സിന് ഊര്‍ജം പകരുന്നത്. വാര്‍പ്പ് പ്ലസ് എന്ന പുതിയ വേഗതാ മോഡും ലഭ്യമാണ്. ഈ മോഡില്‍ സ്‌കൂട്ടര്‍ 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

450 അപെക്സ്, ഏഥറിന്റെ 450 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്. അതിനാല്‍ സീറ്റ് ഹൈറ്റ്, വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറനസ് തുടങ്ങിയ സവിശേഷതകള്‍ 450X, 450S മോഡലുകളെ പോലെതന്നെയാണ്. എന്നാല്‍, പുതിയ എന്‍ക്ലോസ്ഡ് ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം ഉള്‍ക്കൊള്ളുന്നു.

3.7 kWh ബാറ്ററിയും പ്രോ പാക്കുമുള്ള 450X മോഡലിനേക്കാള്‍ 21,000 രൂപ കൂടുതലാണ് 450 അപെക്‌സിന്റെ വില. പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി ഉദ്ദേശിച്ച വിലക്കുറവില്ലാത്ത മോഡലാണിത്.

കമ്പനിയുടെ പക്ഷം, 450 അപെക്‌സ് വാണിജ്യപരമായി ലാഭം ലക്ഷ്യമിട്ടുള്ള സ്‌കൂട്ടരല്ല, പാഷന്‍ പ്രോജക്റ്റാണ്. 2024 മാര്‍ച്ചിലാണ് ഡെലിവറി ആരംഭിക്കുക. ആ വര്‍ഷം ഒക്ടോബര്‍ വരെ മാത്രമായിരിക്കും നിര്‍മാണം.

ആവശ്യക്കാരുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും നിര്‍മാണം. ഏഥറിന്റെ ഏറ്റവും വേഗതയേറിയതും മികച്ച പ്രകടനം നല്‍കുന്നതുമായ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് സ്‌കൂട്ടറാണ് 450 അപെക്‌സ്. എന്നാല്‍, വില കൂടുതലായതിനാല്‍ വാണിജ്യ വിജയം ഉറപ്പില്ല. ഏഥറിന്റെ പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന പ്രത്യേക പദ്ധതിയായി മാത്രമാണ് ഈ സ്‌കൂട്ടര്‍ കണക്കാക്കേണ്ടത്.

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഷോറൂമില്‍ എത്തിയോ 2,500 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിംഗ് നടത്താം. ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

വാഹന ലോകത്തെ പുത്തൻ വിശേഷങ്ങളുമായി വാരാന്ത്യ ലോകം.

Exit mobile version